District News
ഇരിങ്ങാലക്കുട: യുവകലാസാഹിതി കെ.ഒ. വിന്‍സന്റ് മാസ്റ്റര്‍ ചിത്രകലാ പുരസ്കാരത്തിന് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് അര്‍ഹനായി. കപീഷ്, മായാവി, ലുട്ടാപ്പി, ഡാകിനി, മാജിക് മാലു തുടങ്ങിയ കഥാപാത്രങ്ങളെ രചനകളിലൂടെ പരിചയപ്പെടുത്തിയ ഇരിങ്ങാലക്കുട സ്വദേശിയായ മോഹന്‍ദാസിന് നാളെ വൈകീട്ട് അഞ്ചിന് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. സുനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, സാഹിതി ജില്ലാ സെക്രട്ടറി സോമന് താമരക്കുളം എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം, 12 വയസിന് താഴെയുള്ള വിദ്യാര്‍ഥികളുടെ ഫാൻസിഡ്രസ് മത്സരം, 6.30ന് കുചേലവൃത്തം കഥകളി അരങ്ങേറ്റം എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് തമ്പാന്, സെക്രട്ടറി വി.പി. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Business
കൊച്ചി: ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് ലീഡര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡ്സില്‍ ഈ വര്‍ഷത്തെ മികച്ച പൊതുമേഖലാസ്ഥാപനമായി കൊച്ചി കപ്പല്‍ശാലയെ തെരഞ്ഞെടുത്തു.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്രപ്രധാനില്നിന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. എസ്. ഹരികൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങി.
സമുദ്ര നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനമികവ്, തന്ത്രപരമായ നേതൃത്വം, സുസ്ഥിര ഭരണനിര്‍വഹണം, നിലനില്പുള്ള വളര്‍ച്ച എന്നിവയില്‍ കൊച്ചി കപ്പല്‍ശാല കൈവരിച്ച നേട്ടങ്ങള്‍ക്കാണ് പുരസ്കാരം.
Kerala
തൊടുപുഴ: പുളിമൂട്ടില്‍ സില്‍ക്സ് ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ് മത്സരം 26നു രാവിലെ പത്തിന് ന്യൂമാന്‍ കോളേജില്‍ നടക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തിനാണ് ന്യൂമാന്‍ കോളജ് വേദിയാകുന്നത്.
ഔസേപ്പ് ജോണ്‍ പുളിമൂട്ടിലിന്റെ സ്മരണയ്ക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ആര്‍ട്സ് ആൻഡ് സയന്‍സ്, എന്‍ജിനിയറിംഗ്, മെഡിക്കല്‍, നിയമ, അഗ്രികള്‍ച്ചര്‍, ടെക്നിക്കല്‍ കോളജുകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്സ് സ്പോണ്സര് ചെയ്യുന്ന 20,000, 15,000, 10,000 രൂപയുടെ കാഷ് അവാര്‍ഡ് വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9961435299, 8848774002 എന്ന നമ്പരില്‍ ബന്ധപ്പെടണം.
District News
കൊല്ലം: മൈനാഗപ്പള്ളി സിക ഫിലിം സൊസൈറ്റിയുടെ വാർഷികത്തിനും അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോടും അനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് നടി വിജയകുമാരി അർഹയായി.
അരനൂറ്റാണ്ട് മലയാള നാടകവേദിക്കും സിനിമയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് . 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 22നു നടക്കുന്ന ഫെസ്റ്റിവൽ സംവിധായകൻ പ്രിയ നന്ദനൻ ഉദ്ഘാടനം ചെയ്യും . തെരഞ്ഞെടുത്ത 21 സിനിമകളുടെ പ്രദർശനവും കുട്ടികളുടെ മത്സരങ്ങളും മറ്റു കലാപരിപാടികളും ഇതിനോട് അനുബന്ധിച്ച് നടക്കും.
Kerala
കൊച്ചി: 2024-25 ലയണിസ്റ്റിക് വർഷത്തിൽ രണ്ടായിരത്തിനടുത്ത് പുതിയ മെംബർമാരെ ചേർക്കുകയും 25 പുതിയ ക്ലബ്ബുകളുടെ രൂപീകരണം നടത്തുകയും ചെയ്ത ലയണ്‍സ് ഡിസ്ട്രിക്ട് 318ഡി ഗവർണർ ജയിംസ് വളപ്പിലയ്ക്ക് ഇന്റർനാഷണൽ പ്രസിഡന്റ് എ.പി. സിംഗ് മൾട്ടിപ്പിൾ ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു.
സമസ്തമേഖലയിലും കാഴ്ചവച്ച സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കുകൂടിയാണ് പുരസ്കാരം. മെമ്പർഷിപ്പിലും പുതിയ ക്ലബ്ബുകളിലും ലോകത്തിൽ നാലാം സ്ഥാനവും സേവനരംഗത്ത് ഒന്നാംസ്ഥാനവും നേടി. വയനാട് ചൂരൽമലയിൽ ലയണ്‍സ് ഹോസ്പിറ്റലിന്റെ നിർമാണത്തിനായി ലയണ്‍സ് ഇന്റർനാഷണൽ ഫൗണ്ടേഷനിലേക്കു രണ്ടു കോടി രൂപ സ്വരൂപിച്ചു.
എറണാകുളം ഗോകുലം കണ്വൻഷൻ സെന്ററിൽ നടന്ന മെഗാ ഇൻഡക്ഷൻ ചടങ്ങിലാണ് ആദരം നൽകിയത്. മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർമാൻ രാജൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഈ വർഷം മെമ്പർഷിപ്പ് ചലഞ്ച്, ന്യൂ ക്ലബ് ചലഞ്ച്, എൽസിഐഎഫ് കോണ്ട്രിബ്യൂഷൻ തുടങ്ങിയവയിൽ മികവ് പുലർത്തിയ ഡിസ്ട്രിക്റ്റ് ഗവർണർമാരെയും ലയണ്‍ ലീഡർമാരെയും ആദരിച്ചു.
പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർമാരായ വി.പി. നന്ദകുമാർ, മുരുകൻ, വംശിധർ ബാബു, ഗ്ലോബൽ ആക്്ഷൻ ടീം ഏരിയ ലീഡർ അഡ്വ. വാമനകുമാർ, എൽസിഐഎഫ് ഗ്ലോബൽ കോ-ഓര്‍ഡിനേറ്റർ അമർനാഥ്, ഈ വർഷത്തെ ഡിസ്ട്രിക്ട് ഗവർണർമാരായ ജെയിൻ സി. ജോബ്, വിന്നി ഫിലിപ്പ്, ഷൈൻകുമാർ, ജയകൃഷ്ണൻ, അനിൽകുമാർ, രവി ഗുപ്ത എന്നിവർ ചടങ്ങിനു നേതൃത്വം നൽകി. ആയിരത്തോളം മെംബർമാർ പങ്കെടുത്തു.
Kerala
പുന്നയൂർക്കുളം: ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ ലീഡർ കെ. കരുണാകൻ സ്മാരക പുരസ്കാരം മുൻ നിയമസഭസ്പീക്കറും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ തേറന്പിൽ രാമകൃഷ്ണന് നൽകുമെന്നു ചെയർമാൻ പി. ഗോപാലൻ, സെക്രട്ടറി എ.കെ. സതീഷ് കുമാർ എന്നിവർ അറിയിച്ചു.
25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 13നു രാവിലെ ഒന്‍പതിന് ആൽത്തറ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ സമ്മാനിക്കും.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഒ. അബ്ദുറഹ്മാൻകുട്ടി, പി.ടി. അജയ്മോഹൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ സി.എച്ച്. റഷീദ് തുടങ്ങിയവർ പങ്കെടുക്കും.
Kerala
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപകന്‍ റവ.ഡോ.ടി.സി. ജോര്‍ജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
കേരളത്തില്‍ ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അപേക്ഷിക്കാം.25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അപേക്ഷകള്‍ കണ്‍വീനര്‍, റവ.ഡോ.ടി.സി. ജോര്‍ജ് സ്മാരക പുരസ്കാരം, ബിഎഎം കോളജ്, തുരുത്തിക്കാട് പി.ഒ, മല്ലപ്പള്ളി - 689 597 എന്ന വിലാസത്തില്‍ 14നകം ലഭിക്കണം. ഫോണ്‍: 0469 2682241.
NRI
ദോഹ: 2025ല്‍ പുറത്തിറങ്ങിയ മികച്ച ഓര്മ പുസ്കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഡോ.അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈസക്ക എന്ന വിസ്മയം തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
25,000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്മാന് ഡോ. ജി. രാജ്മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി, ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
Kerala
പാലാ: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ അന്തസത്ത എന്നും ഭരണഘടന നിര്‍മാണ സമിതിയില്‍ ഇത്തരം ചിന്തകള്‍ നല്കാന് തക്ക വിധത്തിലുള്ള സ്വാതന്ത്ര്യസമര സേനാനികളായ ആര്.വി. തോമസിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്.വി. തോമസിന്റെ 71-ാം ചരമവാര്‍ഷിക അനുസ്മരണത്തില്‍ ആര്.വി. തോമസ് പുരസ്കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ആര്.വി. തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സ്മാരക പ്രഭാഷണം നടത്തി. പാലാ നഗരസഭാ അധ്യക്ഷ ദിയാ ബിനു പുളിക്കക്കണ്ടത്തെ ചടങ്ങില്‍ മാണി സി. കാപ്പന് എംഎല്‍എ ആദരിച്ചു. തോമസ് ആര്.വി. ജോസ്, ഡോ. സാബു ഡി. മാത്യു, പ്രഫ. ആനി ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
ഇരിങ്ങാലക്കുട: കലാലയരത്ന പുരസ്കാരം ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ രണ്ടാംവര്‍ഷ എംഎ ഹിസ്റ്ററി വിദ്യാര്‍ഥിനി അമല അന്ന അനിലിന്.
സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍നിന്നും സാമൂഹികപ്രതിബദ്ധത, ക്രിയാത്മക നേതൃത്വഗുണം, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത വിദ്യാര്ഥിപ്രതിഭയ്ക്കുള്ളതാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്റെ പേരിലുള്ള കലാലയരത്ന പുരസ്കാരം.
5,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 നു മലയാളം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ സമ്മാനിക്കും.
NRI
എറണാകുളം: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഈ മാസം 17ന് കൊച്ചി റമാഡാ ഹോട്ടലിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു.
"നല്ല സമരിയാക്കാരനായിരിക്കുക' എന്ന വിഷയത്തിൽ നടന്ന സംഗമം ആത്മീയ ചിന്തകൾക്കും സാമൂഹിക ഉത്തരവാദിത്വത്തിനുമുള്ള ആഹ്വാനമായി.
പരിപാടിയിൽ ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
Kerala
ആലുവ: ചിത്രകാരനും വാഗ്മിയും വാസ്തുശില്പിയുമായ എം.വി. ദേവന്റെ പേരിലുള്ള അഞ്ചാമത് പുരസ്കാരം ആർട്ടിസ്റ്റ് മദനനന്‍. കെ.സി.എസ്. പണിക്കരുടെ ഓർമദിനവും എം.വി. ദേവന്റെ ജന്മദിനവുമായ ഇന്നു വൈകുന്നേരം അഞ്ചിന് ആലുവ ചൂർണിക്കരയിലെ വീട് സ്ഥിതിചെയ്യുന്ന ‘ദേവാങ്കണ’ത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
അവാർഡ് തുകയായി 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകുമെന്ന് എം.വി. ദേവന്റെ മക്കളായ ജമീല, ശാലിനി എന്നിവർ അറിയിച്ചു.
NRI
കൊച്ചി: ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പ്രമുഖ സംഘാടകനും എഴുത്തുകാരനും വേൾഡ് മലയാളി വോയിസ് മാനേജിംഗ് എഡിറ്ററുമായ അമേരിക്കൻ മലയാളി ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ് സമ്മാനിച്ചു.
പ്രവാസി മലയാളി സമൂഹത്തെ ഒരുമിച്ചു നിർത്തുന്നതിനായി നൽകിയ ദീർഘകാല സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിയത്. ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി കൃത്രിമ ബുദ്ധി സംബന്ധിച്ച നിരവധി സെഷനുകൾ നടന്നു.
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ വയനാട് എഐ പാർക്കും ഡാറ്റ സെന്ററും സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിക്ക് തുടക്കം കുറിക്കാൻ ഫെസ്റ്റിവൽ തീരുമാനിച്ചു. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഐഐടി ബോംബെ തയാറാക്കി ജനുവരി അവസാനം കേരള സർക്കാരിന് സമർപ്പിക്കും.
ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുള്ള മഞ്ചേരി ഈ പദ്ധതിയുടെ ചുമതല വഹിക്കും. ഇന്ത്യൻ കമ്പനീസ് ആക്ട് സെക്ഷൻ 3 പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന രണ്ടും മൂന്നും തലമുറയിൽപ്പെട്ട മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുകയും അവരുടെ അറിവും അനുഭവസമ്പത്തും വിഭവങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയുമാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ പ്രധാന ലക്ഷ്യം.
Kerala
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
സമഗ്ര സംഭാവന അടക്കം വിവിധ മേഖലകളിലുള്ള അവാർഡുകളാണ് പ്രഖ്യാപിക്കാനിരുന്നത്. അവാർഡ് ജേതാക്കളായ മലയാളി എഴുത്തുകാരുടെ പേരുകളും പുറത്തുവിടുമെന്ന വിവരവും ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് അൽപ്പസമയം മുമ്പാണ് നീട്ടിയത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
അവസാന നിമിഷം സാംസ്കാരിക മന്ത്രാലയം ഇടപെട്ടാണ് പ്രഖ്യാപനം തടഞ്ഞതെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം കെ.പി. രാമനുണ്ണി പറഞ്ഞു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരമൊരു നടപടി. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
NRI
തിരുവനന്തപുരം: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊളീദോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഔട്ട്സ്റ്റാന്‍ഡിംഗ് സീനിയര്‍ ഫോര്‍ കാമ്പസ് ആന്‍ഡ് കമ്മ്യൂണിറ്റി കോണ്ട്രിബൂഷന്സ് അവാര്‍ഡിന് മലയാളി വിദ്യാര്‍ഥി അടൂര്‍ തുവയൂര്‍ സ്വദേശിനി അമല ബാബു തോമസ് അര്‍ഹയായി.
കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവര്‍ത്തനങ്ങള്‍, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് അവാര്‍ഡ് നല്‍കിയത്.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ തുവയൂര്‍ സ്വദേശികളായ ബാബു കെ. തോമസിന്റെയും ലിനി ബാബുവിന്റെയും ഏക മകളായ അമല തുവയൂര്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍, മുംബൈ സെന്റ് സേവ്യേഴ്സ് കോളജ് എന്നിവടങ്ങളിലെ പഠനത്തിന് ശേഷമാണ് എന്വയൺമെന്റല് എന്‍ജിനിയറിംഗ് (മേജര്‍), പീസ് ആന്‍ഡ് ജസ്റ്റീസ് (മൈനര്‍) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊളീദോയില് ചേരുന്നത്.
District News
കോഴിക്കോട്: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച പബ്ലിക്കേഷന്‍ പ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ ടീച്ചേഴ്സ് ഓഫ് സൈക്യാട്രി അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രി അസോസിയേറ്റ് പ്രഫസര്‍ ഡോ. വര്‍ഷ വിദ്യാധരന് ലഭിച്ചു. ഇതോടൊപ്പം ഡോ. വര്‍ഷ തയാറാക്കിയ പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള നിലോഫര്‍ അവാര്‍ഡും ലഭിച്ചു.
കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും മാനസികാരോഗ്യ ചികിത്സാരംഗത്തെ പ്രവര്‍ത്തനം സംബന്ധിച്ച (സൈക്കോതെറാപ്യൂട്ടിക്ക് ഇന്റര്‍വെന്‍ഷന്‍) പഠന പ്രബന്ധത്തിനാണ് ബഹുമതി. ഗുവാഹട്ടിയില്‍ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ചൈല്‍ഡ് ആന്റ് അഡോളസന്റ് മെന്റല്‍ ഹെല്‍ത്തിന്റെ പതിനെട്ടാം ദ്വൈ വാര്‍ഷിക സമ്മേളനത്തിലാണ് നിലോഫര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടെ പ്രമുഖ നെഫ്രോളജിസ്റ്റായ ഡോ. വിനു ഗോപാലിന്റെ ഭാര്യയാണ് ഡോ. വര്‍ഷ.
Education
ഇരിങ്ങാലക്കുട: ഏറ്റവും നല്ല സ്പോര്‍ട്സ് പ്രമോട്ടിംഗ് കോളജിനുള്ള ക്രൈസ്റ്റ് കോളജ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ (2025- 26) സ്പോര്‍ട്സിനെ വളര്‍ത്തുന്നതിനുവേണ്ടി കോളജ് നടത്തിയ മത്സരങ്ങള്‍, നേടിയ കായികനേട്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പത്രവാര്‍ത്തകള്‍, ഫോട്ടോകള്‍, സിഡികള്‍, അന്തര്‍ദേശീയ- ദേശിയ- സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നേടിയ വിജയങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അടക്കം 2026 ജനുവരി 30നുമുമ്പായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബിന്റു ടി. കല്യാണ്‍ - 9495516382, ഡോ. കെ.എം. സെബാസ്റ്റിയന്- 9400632573, എം.എന്‍. നിധിന്- 9746034344. അപേക്ഷാഫോറം www.christcollegeijk.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
NRI
പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ "ശ്രേഷ്ഠ മലയാളി 2025' പുരസ്കാരദാനവും - മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ ആൻഡ് സൗന്ദര്യമത്സരവും ഈ മാസം 22ന് സംഘടിപ്പിക്കപ്പെടുന്നു.
മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന "മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നില്ക്കുന്ന സംഗീത - നൃത്ത ഇനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന നിരവധി പരിപാടികളും കോർത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക ആൻഡ് ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുളളത്.
"മിസ് ആൻഡ് മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും. കമൽ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുത്ത വിഭാഗങ്ങൾക്കുളള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്റെ ഈ ഐക്കണിക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫാഷൻ, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവൻ ദിവസത്തെ പരിപാടിയിൽ നൃത്തസംവിധാന പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന ഫാഷൻ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ, പ്രഫഷണൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 07774966980. ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം - കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കും. ഇതോടൊപ്പം യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കും. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ "യുക്മ ഫോർച്യൂൺ ലോട്ടറി - 2025' പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടും.
യുകെയിലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ, ജീവകാരുണ്യ - സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതും മലയാളികൾക്കിടയിൽ വിവിധ സഹായങ്ങൾ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്.
യുക്മയുടെ അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരിക്കുന്നതിന് അർഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങൾ ബയോഡേറ്റ സഹിതം നൽകാവുന്നതാണ്.
യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ അയയ്ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് ([email protected]). ലഭിക്കേണ്ട അവസാന തീയതി 15 നവംബർ 2025 വൈകുന്നേരം അഞ്ച് വരെ.
കുര്യൻ ജോർജ്
Movies
കഥാപാത്രങ്ങളെ, കഥാപാത്രങ്ങളെ മാത്രം സ്ക്രീനില്‍ അവശേഷിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അതുകൊണ്ടാണ് ആ മഹാനടന്, കൊടുമണ്‍ പോറ്റിയായും ചന്തുവായും ഡാനിയായും മാടയായും ഭാസ്കരപ്പട്ടേലരായും അഹമ്മദ് ഹാജിയായും വാറുണ്ണിയായും പകര്ന്നാടുവാനാകുന്നത്.
വെള്ളിത്തിരയില്‍ ഒരിക്കല്‍ കണ്ട മമ്മൂട്ടിയെ പിന്നീടൊരിക്കലും കാണാന്‍ കഴിയാത്തതും! ഒരിക്കല്‍ വിഖ്യാത സംവിധായകന് ടി.വി.ചന്ദ്രന് പറഞ്ഞു. മമ്മൂട്ടിയെപ്പോലെയോ, മോഹന്‍ലാലിനെപ്പോലെയോ മഹാനടന്മാര് ഇനിയുണ്ടാകില്ല. കുറച്ചുചിത്രങ്ങളില്‍ ഒരു നടന്, അങ്ങനെ മാത്രമേ, സംഭവിക്കൂ.
പരീക്ഷണങ്ങൾ
അനുഭവങ്ങളും അന്വേഷണങ്ങളുമാണ് ഒരു നടനെ പരുവപ്പെടുത്തുന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തില്‍ പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്.
വിധേയന് എന്ന ചിത്രത്തിലെ ഭാസ്കരപ്പട്ടേലര്‍ (ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയുടെ കഥയെ ഇതിവൃത്തമാക്കി അടൂര്‍ ഗോപാലകൃഷ്ണ് സംവിധാനം ചെയ്ത ചിത്രം), പൊന്തന്മാടയിലെ മാട (ടി.വി.ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം), മതിലുകള്‍ എന്ന സിനിമയില്‍ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച കഥാകാരന്/ബഷീര്‍ (ബഷീറിന്റെ കഥയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രം),
മനുഷ്യജീവിതത്തിന്റെ സങ്കീര്ണാനുഭവങ്ങള് കോര്‍ത്തിണക്കിയ സൂസന്നയിലെ ഡാനി (ടി.വി.ചന്ദ്രന്റെ സംവിധാനം നിര്‍വഹിച്ച ചിത്രം), പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി (ടി.പി.രാജീവിന്റെ നോവലിനെ ആസ്പദമാക്കി രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം)...
അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയില്‍ അവതരിച്ചു. സമാന്തരസിനിമകള്‍ക്കും വാണിജ്യസിനിമകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന മറ്റൊരു നടനും നമുക്കില്ല. എഴുത്തിനാലാം വയസില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാന്‍ ആ മഹാനടനെ പ്രാപ്തനാക്കിയത് അഭിനയകലയുടെ 'ഉപാസകന്' എന്നതുകൊണ്ടു മാത്രമാണ്.
ചലച്ചിത്രനിരീക്ഷകര്‍ പറയാറുണ്ട്. മമ്മൂട്ടി ഒരു കാലഘട്ടത്തിന്റെ മാത്രം നടനല്ല, എന്ന്. അദ്ദേഹത്തിന്റെ അഭിനയജീവിതം ആരംഭിച്ചകാലം തൊട്ട്, ആ നടന് സ്വയം വിമര്‍ശിക്കുകയും തന്നെത്തന്നെ പുതുക്കിപ്പണിയുകയുമായിരുന്നു. അതുകൊണ്ടുമാത്രമാണ് കാലം മാറുമ്പോഴും പുതിയ നടനായി മാറുന്നത്. അദ്ദേഹം നടനല്ല, എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാരണം അദ്ദേഹം നടന്മാരുടെ നടനാണ്. അഭിനയകലയുടെ കുലപതി!
വലിപ്പച്ചെറുപ്പമില്ലാതെ
സമകാലികനടന്മാരെ അപേക്ഷിച്ച്, വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നവാഗതനോ എന്ന വ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ വ്യത്യസ്തമായ അഭ്രകാവ്യവുമായി വന്നവരെ അദ്ദേഹം സ്വീകരിച്ചു. ആ കഥാപാത്രങ്ങള്‍ക്കായി രാപകല്‍ അദ്ദേഹം കഷ്ടപ്പെട്ടു.
തനിക്കു യോജിക്കാന്‍ കഴിയുന്നിടത്ത് അല്ലെങ്കില്‍ തന്റെ കഥാപാത്ര അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്നിടത്ത് മമ്മൂട്ടിയിലെ "അഭിനയപുരുഷന്' തമ്പടിച്ചു. തന്നെത്തന്നെ ആവര്‍ത്തിക്കുന്ന പതിവ് മമ്മൂട്ടിക്കില്ല. ഒരുകാലത്ത് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ (കുടുംബചിത്രങ്ങള്‍) നിരന്തരം ചെയ്ത്, ബോക്സ്ഓഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ആ നടന്, സിനിമയില്ലാതെ ചടഞ്ഞുകൂടിയ നാളുകളുമുണ്ട്.
പിന്നീട് തന്നെത്തന്നെ പുനര്‍നിര്‍മിച്ച് താരം വീണ്ടും അവതരിക്കുകയുമായിരുന്നു. ന്യൂഡല്‍ഹി എന്ന ജോഷി ചിത്രം അദ്ദേഹത്തിന്റെ അത്തരത്തിലൊരു പുനര്വരവിന് നിമിത്തമായ ചിത്രമാണ്. പിന്നീട് ബ്ലെസിയുടെ കാഴ്ചയും. ഒരേസമയം, രാജമാണിക്യമാകാനും മാടയാകാനും മറ്റാര്‍ക്കു കഴിയും..?
മാറ്റവും ആഴവും
വിഖ്യാത ചലച്ചിത്രകാരന് കെ.ജി.ജോര്‍ജിന്റെ "യവനിക'യിലെ ജേക്കബ് ഈരാളി, ക്ലാസിക് സംവിധായകന് ഭരതന്റെ "അമര'ത്തിലെ അച്ചൂട്ടി, 'വടക്കന്‍ വീരഗാഥ'യിലെ ചന്തു ചേകവര്‍, 'ലൗഡ് സ്പീക്കറി'ലെ മൈക്ക്, 'പ്രാഞ്ചിയേട്ട'നിലെ പ്രാഞ്ചി, 'പത്തേമാരി'യിലെ പള്ളിക്കല്‍ നാരായണന് തുടങ്ങിയ കഥാപാത്രങ്ങള്‍ പഠിക്കുമ്പോള്‍, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റവും ആഴവും മനസിലാക്കാനാകും.
കഥാപാത്രങ്ങളുടെ ആഴങ്ങള്‍ തേടിയുള്ള ഏകാന്തയാത്രയാണ് മമ്മൂട്ടിയെ മഹാനടനാക്കിയതും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കിയതും. മമ്മൂട്ടിയല്ലാതെ, മറ്റൊരു നടനെയും തന്റെ 'ചന്തു' വായി സങ്കല്പ്പിക്കാന് കഴിയില്ലെന്ന് എംടി പറഞ്ഞതിന്റെ പൊരുളും അതാണ്.
ജൂറിയുടെ വാക്കുകൾ
അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ജൂറിയുടെ വാക്കുകള്‍, മമ്മൂട്ടിയുടെ അഭിനയജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതായിരുന്നു. 'കൊടുമണ്‍ പോറ്റി', 'ചാത്തന്' എന്നീ രണ്ടു പാത്രസൃഷ്ടികളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുനടത്തിയ ഭാവാഭിനയ മികവ്- എന്നാണ് ജൂറി പറഞ്ഞത്. നടന് എന്ന നിലയില്‍ ശരീരം മാത്രമല്ല, മനസും അഭിനയപരീക്ഷണത്തിന്റെ ശാലയാക്കി മമ്മൂട്ടി മാറ്റുന്നു.
എന്നാല്‍; ഇതൊന്നുമല്ല, കാലത്തിനൊപ്പം നടന്ന നടന് എന്നും മനസിലാക്കേണ്ടിയിരിക്കുന്നു. ഇതിലും ആഴമുള്ള, തലമുറകളെ പ്രചോദിപ്പിക്കുന്ന എത്രയോ കഥാപാത്രങ്ങളായി ആ 'മഹാപുരുഷന്' ഇനിയും അവതരിക്കാനിരിക്കുന്നു.
District News
കോയന്പത്തൂർ: മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ കെഎംസിഎച്ച് ആശുപത്രിയുടെ സിഇഒ ഡോ.ജെ. ശിവകുമാരന് 2025 ലെ ഇന്ത്യയിലെ മികച്ച ഇൻവെന്ററി കൺട്രോളർ അവാർഡ് ലഭിച്ചു. മെഡിക്കൽ വ്യവസായത്തിലെ ഇൻവെന്ററി നിയന്ത്രണത്തിലെ മികച്ച പ്രകടനത്തിനാണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിച്ചത്.
മെഡിക്കൽ വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനിയായ ഇൻസൈറ്റ്സ് കെയറാണ് ഈ അവാർഡ് നൽകിയത്. മെഡിക്കൽ മേഖലയിൽ 30 വർഷത്തിലേറെ പരിചയമുള്ള ഡോ.ജെ. ശിവകുമാരൻ ഹെൽത്ത്കെയർ വിഷനറി അവാർഡ്, വേൾഡ് ഹെൽത്ത് ആൻഡ് വെൽനസ് കോൺഗ്രസിൽ നിന്നുള്ള മോസ്റ്റ് ഐക്കണിക് ഹെൽത്ത്കെയർ ലീഡർ ഗ്ലോബൽ അവാർഡ്, ഫോർച്യൂൺ ഗ്ലോബലിൽ നിന്ന് 2024 ലെ മികച്ച സിഇഒ എന്നീ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഡോ.ജെ. ശിവകുമാരന്റെ നേട്ടത്തിൽ കെഎംസിഎച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. നല്ല ജി. പളനിസ്വാമിയും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അരുൺ പളനിസ്വാമിയും അഭിനന്ദിച്ചു.
District News
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരം എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന് സമ്മാനിച്ചു. നമ്മുടെ കാലത്തെ മനുഷ്യർ പിൻകാഴ്ചകൾ മാത്രം കാണാൻ കഴിയുന്ന കണ്ണാടിയുമായി നിരത്തിലൂടെ വാഹനമോടിക്കുന്നവരാണെന്നു സന്തോഷ്കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭാവിയിലേക്കോ വർത്തമാനത്തിലേക്കോ പോലും ദിശ കാണിക്കാൻ സഹായിക്കുന്ന മുൻവശത്തെ കണ്ണാടികൾ മനുഷ്യർ സ്വയം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വയലാർ അവാർഡ് ജേതാക്കളായ ശ്രീകുമാരൻ തന്പി, പ്രഭാവർമ, ഏഴാച്ചേരി രാമചന്ദ്രൻ, കെ.വി മോഹൻകുമാർ, ബെന്യാമിൻ തുടങ്ങിയവരുൾപ്പെടെ പതിനൊന്നു പേർ ചേർന്നാണ് "തപോമയിയുടെ അച്ഛൻ’എന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യത്തിന്റെ ആധുനിക മുഖമായ ഇ. സന്തോഷ്കുമാറിന് പുരസ്കാരം സമ്മാനിച്ചത്. ഒരു മനുഷ്യന്റെ പരിഹാരമില്ലാത്ത കുറ്റബോധത്തെയും നമ്മുടെ കാലത്ത് ഏറ്റവും സങ്കീർണമായി മാറിയിട്ടുള്ള അഭയാന്വേഷണത്തെയുമാണ് നോവൽ അടയാളപ്പെടുത്തുന്നതെന്ന് സന്തോഷ്കുമാർ പറഞ്ഞു.
കവി പ്രഭാവർമ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരസ്കാര നിർണയ സമിതി അംഗം ടി.ഡി രാമകൃഷ്ണൻ നോവലിന്റെ വിവിധ തലങ്ങൾ വിശദീകരിച്ചു. ട്രസ്റ്റ് അംഗം ഡോ. വി. രാമൻകുട്ടി പ്രശസ്തിപത്ര സമർപ്പണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ബി. സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുരസ്കാരദാന ചടങ്ങിനു ശേഷം വയലാർ കവിതകളുടെ നൃത്താവിഷ്കാരവും ഗാനസന്ധ്യയും അരങ്ങേറി.
Kerala
തിരുവനന്തപുരം: 2025ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് മഹാകവി വയലാറിന്റെ ചരമദിനമായ ഇന്നു വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമ്മാനിക്കും. പുരസ്കാരത്തിനര്‍ഹമായ തപോമയിയുടെ അച്ഛന് എന്ന കൃതിയുടെ രചയിതാവായ ഇ. സന്തോഷ്കുമാറിന് വയലാര്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് അവാര്‍ഡ് സമര്‍പ്പിക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വയലാര്‍ അവാര്‍ഡ് ജേതാക്കളായ 12 പേര് ചേര്‍ന്ന് നിര്‍വഹിക്കും. വയലാര്‍ വര്‍ഷം 2025-26 എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ക്കൊപ്പം 12 പ്രമുഖ പിന്നണി ഗായകരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വയലാര്‍ ഗാനസന്ധ്യയും അരങ്ങേറും.